Monday, July 2, 2012

'ആന മുക്കുന്നതു കണ്ട് ആടു മുക്കുമ്പോള്‍'

'ഏക് ഹസീന ധീ', 'ജോണി ഗദ്ദാര്‍' (മലയാളത്തില്‍ 'ഉന്ന'മെന്ന പേരില്‍ പുറത്തിറങ്ങിയ ചിത്രം!) എന്നീ ചിത്രങ്ങള്‍ക്കു ശേഷം ശ്രീരാം രാഘവന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ്‌ 'ഏജന്റ് വിനോദ്'. സംവിധായകനോടൊപ്പം ചിത്രത്തിന്റെ രചനയില്‍ അരിജിത് ബിശ്വാസും സഹകരിച്ചിരിക്കുന്നു. 1977-ല്‍ ഇതേ പേരിലിറങ്ങിയ ചിത്രത്തില്‍ നിന്നും കഥാപാത്രത്തിന്റെ പേരൊഴികെയൊന്നും രചയിതാക്കള്‍ ഈ ചിത്രത്തില്‍ സ്വീകരിച്ചിട്ടില്ല. ഏജന്റ് വിനോദെന്ന പേരില്‍ ദേശി ബോണ്ടായി സൈഫ് അലി ഖാനെത്തുമ്പോള്‍ കൂട്ടിന്‌ കരീന കപൂറുമുണ്ട്. ഇല്ലുമിനാറ്റി ഫിലിംസിന്റെയും ഇറോസ് എന്റര്‍ടൈന്മെന്റിന്റെയും സം‍യുക്ത ബാനറില്‍ സൈഫും ഒപ്പം ദിനേഷ് വിജനും ഒരുമിച്ചാണ്‌ ചിത്രത്തിന്റെ നിര്‍മ്മാണം. ജയിംസ് ബോണ്ടിനെപ്പോലെ അല്ലെങ്കില്‍ ജേസണ്‍ ബോണിനെപ്പോലെ അതുമല്ലെങ്കില്‍ ഏതന്‍ ഹണ്ടിനെപ്പോലെ രാജ്യാന്തര തലത്തില്‍ പറന്നു നടന്ന് അന്താരാഷ്‍ട്ര കുറ്റവാളികളെ വേട്ടയാടുന്ന ഇന്ത്യന്‍ ഏജന്റിന്റെ കഥയാണ്‌ 'ഏജന്റ് വിനോദ്' പറയുന്നത്. പക്ഷെ, താത്പര്യമുണര്‍ത്തുന്നൊരു കഥ പറയുവാനില്ലാത്തതും, സമയം തികയ്‍ക്കുവാന്‍ അനാവശ്യ രംഗങ്ങള്‍ സൃഷ്‍ടിച്ച് ചേര്‍ത്തതുമൊക്കെ കാരണമായി ഒരു മുഷിപ്പന്‍ സ്പൈ ത്രില്ലര്‍ മാത്രമായി സിനിമ തീരുന്നു.ശ്രീരാം രാഘവന്‍ എന്ന സംവിധായകന്റെ മുന്‍ചിത്രങ്ങള്‍ താത്പര്യമുണര്‍ത്തുന്ന ത്രില്ലറുകളായിരുന്നു. അത്തരം ചിത്രങ്ങളുടെ സംവിധായകനില്‍ നിന്നും ഒരു സ്പൈ ചിത്രം വരുമ്പോള്‍ അതിന്‌ ഒരു വ്യത്യസ്‍തതയുണ്ടാവും എന്നു പ്രതീക്ഷിച്ചു. അഞ്ജിത് ബിശ്വാസിനൊപ്പം രചനയിലും പങ്കുള്ള സംവിധായകന്‍ പക്ഷെ പ്രതീക്ഷകള്‍ തകിടം മറിച്ചു. എന്തിനാണ്‌ ഏജന്റ് വിനോദെന്ന പേരില്‍ സൈഫ് അലി ഖാന്‍ ബോണ്ടിനെ / ബോണിനെ / ഹണ്ടിനെ അനുകരിക്കുന്നൊരു ചിത്രം ബോളിവുഡിന്‌? ഏജന്റ് വിനോദെന്ന കഥാപാത്ര സൃഷ്ടിയിലെങ്കിലും മറ്റൊരു ശൈലി സംവിധായകന്‌ സ്വീകരിക്കാമായിരുന്നു. ഉഗ്രശേഷിയുള്ളൊരു ബോംബ്, അത് നിര്‍വീര്യമാക്കുവാനായി രുബയ്യത് ഒമര്‍ ഖയ്യാമിന്റെ കവിതകളുടെ പുസ്‍തകത്തിനുള്ളിലെ ഒരു ചിപ്പ്; ഇതില്‍ ബോംബിനെ തേടാതെ നിര്‍വീര്യമാക്കുവാനുള്ള ചിപ്പിന്റെ പിന്നാലെയാണെന്ന് തോന്നിക്കും വിനോദിന്റെ യാത്രകള്‍. എന്നാലോ ഒടുവില്‍ തേടി ചെന്നെത്തുന്നത് ബോംബില്‍ തന്നെയും! കഥയില്‍ പറഞ്ഞു പോവുന്ന പല കാര്യങ്ങളും ചേര്‍ന്നു പോവാതെയുമുണ്ട്. ഹെലികോപ്ടറില്‍ പൊട്ടാറായ ബോംബും വഹിച്ച് ഒറ്റയ്‍ക്ക് പറക്കുന്ന നായകന്‍ ഡാന്‍ ബ്രൗണിന്റെ 'ഏഞ്ചെല്‍സ് & ഡിമണ്‍സി'നെ ഓര്‍മ്മപ്പെടുത്തും. ഇയാളാവും വില്ലനെന്ന് കാണികള്‍ തുടക്കത്തിലേ കരുതുന്നയാളിലേക്ക് ഏജന്റ് ചെന്നെത്തുന്നത് സിനിമ തീരുന്നതിന്‌ അഞ്ചു മിനിറ്റുള്ളപ്പോള്‍, അതു തന്നെ കാര്യമായൊരു ഉദ്വേഗവും ഉണര്‍ത്തുന്ന രീതിയിലുമല്ല. എതിരാളികളെയെല്ലാം കൃത്യമായി തലയ്‍ക്കു വെടിവെച്ചിടുന്ന വില്ലന്‍ നായികയെ മാത്രം കരളിനു രണ്ട് സെന്റീമീറ്റര്‍ കീഴെ വെടിവെച്ച് കടക്കുവാന്‍ ശ്രമിക്കുന്നത് രഹസ്യം പുറത്തറിയിക്കുവാന്‍ മാത്രമാണ്‌. ബോളിവുഡ് ചിത്രങ്ങളിലെ ഇത്തരം ചില പരിഹാസ്യതകള്‍ ഇതിലും തുടരുന്നു എന്നതും സിനിമയുടെ ന്യൂനത തന്നെ!ഏജന്റ് വിനോദായെത്തുന്ന സൈഫ് അലി ഖാന്‍ അധികം പരിക്കുകളില്ലാതെ ഏജന്റ് വിനോദിനെ അവതരിപ്പിച്ചിട്ടുണ്ട്. ലക്ഷ്യത്തിലെത്തുവാനുള്ള ആവേശമോ, കാര്യങ്ങള്‍ ചെയ്യുന്നതിലെ കണിശതയോ ഒന്നും അത്രകണ്ട് ഫലപ്രദമായി പ്രകടമാക്കുവാന്‍ സൈഫിന്‌ കഴിഞ്ഞില്ല. കഥാപാത്രത്തിനു വേറിട്ടൊരു ശൈലി നല്‍കിയതോ അതോ ഇംഗ്ലീഷ് സ്പൈ കഥാപാത്രങ്ങളെ അനുകരിക്കുവാന്‍ ശ്രമിച്ച് പരാജയപ്പെട്ടതോ എന്നേയുള്ളൂ ഇവിടെ സംശയം. അത്ഭുതകരമായ ആക്ഷന്‍ രംഗങ്ങളൊന്നും ചെയ്യുവാന്‍ തുനിയാതെ, തന്നാലാവുന്നതൊക്കെ ഭംഗിയായും വിശ്വസനീയമായും ചെയ്യുവാന്‍ സൈഫിനു സാധിച്ചിട്ടുണ്ട്. ഏതു ഭാഗത്താണെന്ന് പ്രേക്ഷകര്‍ സംശയിച്ചു പോവുന്ന ഡോ. റൂബിയെ കരീന കപൂര്‍ അനായാസമായി ചെയ്തിട്ടുണ്ട്. ഇതര കഥാപാത്രങ്ങളില്‍ പ്രസക്തമായ വേഷങ്ങളിലെത്തുന്നത് രാം കപൂര്‍, പ്രേം ചോപ്ര, ആദില്‍ ഹുസൈന്‍, അന്‍ഷുമാന്‍ സിംഗ് തുടങ്ങിയവരൊക്കെയാണ്‌. ഇവരൊക്കെയും തങ്ങള്‍ക്കു ലഭിച്ച കുറഞ്ഞ സമയത്ത് കഥാപാത്രങ്ങളോട് നീതി പുലര്‍ത്തുന്ന തരത്തില്‍ ചിത്രത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത്തരമൊരു ചിത്രത്തിനു വേണ്ട മസാല ചേരുവകളിലൊന്നാണല്ലോ സ്‍ത്രീ കഥാപാത്രങ്ങള്‍; നായികയ്‍ക്കു പുറമേ മരിയം സക്കറിയയും മല്ലിക ഹേഡനുമൊക്കെ അതിനായുണ്ട്.ചിത്രത്തില്‍ പറയുന്ന കാര്യങ്ങളുടെ പൂര്‍ണതയ്‍ക്കു വേണ്ടി കാശിറക്കിയിട്ടുള്ളതിനാല്‍ സാങ്കേതികമായി ചിത്രം മുന്നിലാണ്‌. പീറ്റര്‍ ഹീനും പര്‍വേസ് ഖാനും ചേര്‍ന്നൊരുക്കിയ ആക്ഷന്‍ രംഗങ്ങളാണ്‌ സിനിമയുടെ ജീവനെന്നു പറയാം. വിവിധ രാജ്യങ്ങളില്‍ വ്യത്യസ്‍ത സാഹചര്യങ്ങളില്‍ ഏജന്റ് വിനോദ് ഇവരുടെ സംവിധാനത്തിന്‍ കീഴില്‍ നടത്തുന്ന പരാക്രമങ്ങള്‍ ഭംഗിയായി സി.കെ. മുരളീധരന്‍ ക്യാമറയിലാക്കിയിട്ടുണ്ട്. പൂജ സുര്‍തിയുടെ സന്നിവേശം ഈ രംഗങ്ങള്‍ക്ക് ആവശ്യമായ വേഗതയും നല്‍കുന്നു. കലാസംവിധാനം, ചമയം, വസ്‍ത്രാലങ്കാരം എന്നിവയൊക്കെ പ്രതീക്ഷിക്കാവുന്ന ശൈലിയില്‍ തന്നെ. അമിതാഭ് ഭട്ടാചാര്യ, നിലേഷ് മിശ്ര എന്നിവരെഴുതി പ്രിതം ഈണമിട്ടിരിക്കുന്ന ഗാനങ്ങളില്‍ "ദില്‍ മേരാ മുഫ്ത് കാ..." എന്ന മുജ്ര ഗാനമാണ്‌ ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ കഥാഗതിയോട് ഈ ചിത്രം നന്നായി ഇണങ്ങിപ്പോവുകയും ചെയ്യുന്നു. ചിത്രത്തിന്റെ ഒടുവില്‍ ക്രെഡിറ്റ്സുകള്‍ക്കൊപ്പം വരുന്ന 'പ്യാര്‍ കി പുംഗി...' എന്ന ഗാനവും ആകര്‍ഷകമാണ്‌. ഡാനിയല്‍ ബി. ജോര്‍ജ്ജിന്റെ പശ്ചാത്തലം ആകര്‍ഷകമാണ്‌, പക്ഷെ മധു അപ്‍സരയുടെ ശബ്ദസംവിധാനത്തിലെത്തുമ്പോള്‍ ചിലപ്പോഴെങ്കിലും അത് അസഹനീയമായ തരത്തില്‍ ഉച്ചസ്ഥായിയിലേക്കു പോവുന്നു.ബഹളങ്ങളുടേയും ശബ്ദകോലാഹലങ്ങളുടേയും അനാവശ്യ ഉപയോഗമില്ലാതെ, യുക്തിസഹമായ ചില മലക്കം മറിച്ചിലുകളോടെ വേറിട്ടൊരു ശൈലിയിലാണ്‌ ശ്രീരാം രാഘവന്റെ മുന്‍ചിത്രങ്ങള്‍ അനുഭവപ്പെട്ടിട്ടുള്ളത്. അതില്‍ നിന്നും വേറിട്ട്, ബോളിവുഡ് ചിത്രങ്ങളുടെ സ്ഥിരം വാര്‍പ്പു മാതൃകയില്‍ ഹോളിവുഡ് സ്പൈ ത്രില്ലറുകളുടെ അനുകരണമായി മാത്രം ബോധിക്കുന്നൊരു ചിത്രത്തിലേക്ക് ശ്രീരാം മാറുവാന്‍ എന്താവാം കാരണം? നിരൂപകര്‍ വാഴ്‍ത്തിയെങ്കിലും മുന്‍ചിത്രങ്ങള്‍ക്ക് ബോക്സ് ഓഫീസില്‍ കാര്യമായ ചലനമൊന്നും ഉണ്ടാക്കുവാന്‍ കഴിഞ്ഞില്ല എന്ന കടുത്ത യാഥാര്‍ത്ഥ്യമാവുമോ ഈ നീക്കത്തിനു പിന്നില്‍? അങ്ങിനെയെങ്കില്‍, 'മിഷന്‍ ഇം‍പോസിബി'ളുകളും ജയിംസ് ബോണ്ട് ചിത്രങ്ങളുമൊക്കെ യഥേഷ്ടം കാണുവാന്‍ അവസരമുള്ള പ്രേക്ഷകര്‍ക്ക് എന്തു പുതുമ നല്‍കിയാണ്‌ ഇത് ബോക്സ് ഓഫീസില്‍ വിജയം നേടുക എന്നതും ചിന്തനീയം. ഒരുപക്ഷെ, നിലവില്‍ കണ്ട് ശീലിച്ചിട്ടുള്ള ഹോളിവുഡ് സ്പൈ ഏജന്റുമാരില്‍ നിന്നും വേറിട്ടൊരാളായി ഏജന്റ് വിനോദിനേയും അതുവഴി സിനിമയേയും തന്നെ സൃഷ്ടിക്കുവാന്‍ കഴിയുമായിരുന്നെങ്കില്‍ അതാവുമായിരുന്നില്ലേ കൂടുതല്‍ ഗുണകരം? ശക്തമായൊരു തിരക്കഥയുടെ അഭാവവും, ഉള്ളതു തന്നെ ഭംഗിയായി നിര്‍വ്വഹിക്കുവാന്‍ കഴിയാത്തതിന്റെ പൊരുത്തക്കേടുകളും ഒക്കെയായി നിറം മങ്ങിയൊരു 'ഏജന്റ് വിനോദി'നേക്കാള്‍ എന്തുകൊണ്ടും മെച്ചമായിരുന്നിരിക്കും അത്തരമൊരു ശ്രമമെന്ന് പറയാതെ വയ്യ.'ആന മുക്കുന്നതു കണ്ട് ആടു മുക്കുമ്പോള്‍' എന്നതുകൊണ്ട് ആന വലുതെന്നോ ആട് നിസ്സാരനെന്നോ ഉദ്ദേശിച്ചിട്ടില്ല. ആന ചെയ്യുന്നത് ആടു ചെയ്യാന്‍ പോയാല്‍ അത് സഹതാപകരമാവും എന്നു മാത്രം ഉദ്ദേശം.

No comments:

Post a Comment