Sunday, July 29, 2012

15 അവേഴ്‌സ്



കേരളം മൊത്തം വിലയ്‌ക്കെടുക്കാന്‍ തക്ക ശേഷിയുള്ള വമ്പന്‍ ധനികയനായി മമ്മൂട്ടിയെത്തുന്നു. അപരിചിതന് ശേഷം മമ്മൂട്ടിയും സഞ്ജീവ് ശിവനും ഒന്നിയ്ക്കുന്ന 15 അവേഴ്‌സ് എന്ന് പേരിട്ട ചിത്രത്തിലാണ് മമ്മൂട്ടി കേരളം വിലയ്‌ക്കെടുക്കാന്‍ ശേഷിയുള്ള പ്രവാസിയായി അഭിനയിക്കുന്നത്.
15 അവേഴ്‌സ് പ്രേക്ഷകര്‍ക്കൊരു വിഷ്വല്‍ ട്രീറ്റായിരിക്കുമെന്ന്് സഞ്ജീവ് ശിവന്‍ പറയുന്നു. കേരളത്തിലെ ഭരണ സിരാകേന്ദ്രങ്ങളിലെ കെടുകാര്യസ്ഥതയും അഴിമതിയുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. അര്‍ഹിച്ച കാര്യങ്ങള്‍ പോലും നേടിയെടുക്കുന്നതിന് ഇവിടെ കൈക്കൂലി കൂടിയേ തീരൂ.നമ്മുടെ സാമൂഹ്യവ്യവസ്ഥയെ അടിമുടി ഗ്രസിച്ച അഴിമതിയെ തുറന്നുകാണിയ്ക്കുകയും അത് പരിഹരിയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്യുന്ന പ്രവാസിയുടെ വേഷമാണ് മമ്മൂട്ടി അവതരിപ്പിയ്ക്കുന്നത്.

നവാഗതനായ കാര്‍ത്തിക് തിരക്കഥയൊരുക്കുന്ന ചിത്രം പ്രാഞ്ചിയേട്ടനും അഴികിയ രാവണനുമൊക്കെപ്പോലെ ഒരു ആക്ഷേപഹാസ്യ സിനിമയായിരിക്കും. ഏവിയേഷന്‍ ഇന്‍ഡസ്ട്രിയിലെ കരിയര്‍ അവസാനിപ്പിച്ചാണ് കാര്‍ത്തിക് തിരക്കഥാകൃത്തെന്ന പുതിയ റോള്‍ ഏറ്റെടുത്തിരിയ്ക്കുന്നത്.

15 അവേഴ്‌സ് എന്ന പേരിന് പിന്നിലുള്ള രഹസ്യവും കാര്‍ത്തിക് വെളിപ്പെടുത്തുന്നുണ്ട്. മാനദണ്ഡങ്ങളനുസരിച്ച് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥന്‍ തന്റെ മുന്നിലെത്തുന്ന ഏതെങ്കിലുമൊരു ഇഷ്യു 15 മണിക്കൂറിനുള്ളില്‍ പരിഹരിയ്ക്കണമെന്നാണ് നിര്‍ദ്ദേശം. അതില്‍ പരാജയപ്പെട്ടാല്‍ ആ പ്രശ്‌നം കേന്ദ്ര സര്‍ക്കാരിന് മുന്നിലേക്ക് എത്തപ്പെടും. പിന്നീടതൊരു ദേശീയപ്രശ്‌നമാണ്-കാര്‍ത്തിക് പറയുന്നു. ചിത്രത്തില്‍ പ്രേക്ഷകരെ കാത്ത് ഒരുപാട് സസ്‌പെന്‍സ് ഒളിഞ്ഞിരിയ്ക്കുന്നുണ്ടെന്നും തിരക്കഥാകൃത്ത് പറയുന്നു.
കാര്‍ത്തിക്കും സഞ്ജീവ് ശിവനും പറഞ്ഞ ഈ കഥ ഇഷ്ടപ്പെട്ടതോടെ ഈ വര്‍ഷം തന്നെ 15 അവേഴ്‌സ് തുടങ്ങാമെന്ന് മമ്മൂട്ടി ഉറപ്പുനല്‍കിയിരിക്കുന്നത്. ഡിസംബറില്‍ ചിത്രീകരണം തുടങ്ങുമെന്ന് പ്രതീക്ഷിയ്ക്കുന്ന സിനിമയുടെ താരനിര്‍ണയം പുരോഗമിയ്ക്കുകയാണ്.

No comments:

Post a Comment