Saturday, July 21, 2012

ദി കിംഗ്‌ ആന്‍ഡ്‌ കമ്മിഷണര്‍

മമ്മൂട്ടി എന്ന താരത്തിന്റെ അന്ധകൂപവാസികളായ ആരാധകരെ തൃപ്‌തിപ്പെടുത്തുന്ന ഒരു ഡബിൾ ലാർജ് കമ്മീഷണർ!

 പ്രിയമുള്ള ശ്രീ രൺജി പണിക്കർ വായിച്ചറിയുന്നതിന്,
ഏകലവ്യൻ, കമ്മീഷണർ എന്നീ രണ്ടു സിനിമകളും ഇറങ്ങിയ കാലത്തു തന്നെ കാണുകയും വ്യത്യസ്‌തമായ കാരണങ്ങൾ കൊണ്ടാണെങ്കിലും ആസ്വദിക്കുകയും ചെയ്‌ത ഒരു സാധാരണ പ്രേക്ഷകനാണ് ഞാൻ. ഇതേത്തുടർന്നു വന്ന ദ് കിംഗ്, ഈ രണ്ടു ചിത്രങ്ങളോളം ആസ്വാദ്യമായിട്ടായിരുന്നില്ല എനിക്ക് അനുഭവപ്പെട്ടത്. ഏകലവ്യനിലും കമ്മീഷണറിലും പ്രയോഗിച്ചു വിജയിച്ച രുചിക്കൂട്ടിൽ കണക്കിലധികം മസാല കമഴ്‌ത്തി നടത്തിയ ഒരു കഠിനപ്രയോഗമായി മാത്രമേ അത് തോന്നിയുള്ളു; മമ്മൂട്ടി എന്ന താരത്തിന്റെ അന്ധകൂപവാസികളായ ആരാധകരെ തൃപ്‌തിപ്പെടുത്തുന്ന ഒരു ഡബിൾ ലാർജ് കമ്മീഷണർ!

അന്ന് പലരോടും ഇതേ അഭിപ്രായം പങ്കുവച്ചതും എനിക്കോർമയുണ്ട്. ദ് കിംഗിനേക്കുറിച്ച് അന്നങ്ങനെ പറഞ്ഞത് തെറ്റിപ്പോയി എന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. തെറ്റ് ഏറ്റു പറയുന്നതിനും മാപ്പ് അപേക്ഷിക്കുന്നതിനും വേണ്ടിയാണ് പ്രധാനമായും ഈ കത്ത് എഴുതുന്നത്. സത്യത്തിൽ ദ് കിംഗ് ഒരു ചലച്ചിത്രവിസ്‌മയമായിരുന്നു, പ്രതിഭയുടെ ഉരുൾപൊട്ടലായിരുന്നു. എന്തിനധികം, ദ് കിംഗ് ഏകാന്തസുരഭിലമായ ഒരു മോഹനകാവ്യമായിരുന്നു എന്നു പറയുന്നതിനു പോലും എനിക്കിപ്പോൾ മടിയില്ല സാർ. കാരണം, ഇന്നലെ ഞാൻ അങ്ങയുടെ ദ് കിംഗ് & ദ് കമ്മീഷണർ എന്ന സിനിമ കണ്ടു! (കാണണമെന്ന് ആഗ്രഹിച്ചു കണ്ടതല്ല. സാഹചര്യങ്ങളുടെ കടുത്ത സമ്മർദ്ദത്തിനു മുന്നിൽ രണ്ടു ദിവസത്തിലധികം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല; കണ്ടുപോയി! അങ്ങനുവദിച്ചാൽ, അതിനും മാപ്പു ചോദിക്കാൻ ഞാൻ ഒരുക്കമാണ്.)

ഏകലവ്യനിലെ സ്വാമി, കമ്മീഷണറിലെ ഐ പി എസ്സുകാരൻ, ദ് കിംഗിലെ ഐ എ എസ്സുകാരൻ എന്നിവരെ കൂട്ടിച്ചേർത്ത് അങ്ങ് സൃഷ്‌ടിച്ച ഈ സിനിമയുടെ കഥ ചുരുക്കത്തിൽ ഒന്നു പറയാം. തിരക്കഥ എഴുതാനുള്ള തിരക്കിനിടയിൽ ഒരുപക്ഷേ, ഇതൊന്നും ശ്രദ്ധിക്കാൻ സമയം കിട്ടിയിട്ടുണ്ടാവില്ല എന്നതുകൊണ്ട് ഈ ചുരുക്കെഴുത്ത് അങ്ങേക്കും പ്രയോജനപ്പെടുമെന്നാണ് എന്റെ വിശ്വാസം. ഒരു കൊലപാതകപരമ്പരയുടെ ചുരുളഴിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി (ഡോ. മോഹൻ അഗാഷെ) നേരിട്ട് ഒരു ഐ എ എസ്സുകാരനെ (മമ്മൂട്ടി) ചുമതലപ്പെടുത്തുന്നു. ഈ ഐ എ എസ്സുകാരനെ സഹായിക്കാൻ ഒരു ഐ പി എസ്സുകാരൻ (സുരേഷ് ഗോപി) പ്രത്യേകിച്ചാരും ചുമതലപ്പെടുത്താതെ തന്നെ വരുന്നു. ജി കെ എന്ന കേന്ദ്രമന്ത്രിയാണ് (ജനാർദ്ദനൻ) ഇവരുടെ പിൻബലം. യാതൊരു കാരണവശാലും വായിൽ കൊള്ളരുതെന്ന് നിർബന്ധമുള്ള പേരിട്ട് കണ്ണുരുട്ടിയിരിക്കുന്ന ഒരു സ്വാമിയാണ് (സായികുമാർ) എതിരാളി. സ്വാമിയുടെ സിൽബന്തികളായി ഒരു ഐ പി എസ്സുകാരനും (ദേവൻ) സദാ ടോയ്‌ലറ്റ് അന്വേഷിക്കുന്ന മുഖഭാവവുമായി നടക്കുന്ന ഒരു ബ്യൂറോക്രാറ്റും (ജയൻ ചേർത്തല) പാക്കിസ്ഥാനിൽ നിന്നു വന്ന ഭീകരരുമുണ്ട്. പ്രധാനമന്ത്രിയും പാക്കിസ്ഥാൻകാരുമൊഴിച്ച് ഓൾ ആർ മലയാളീസ് ആണെന്നതാണ് ദ് കിംഗ് & ദ് കമ്മീഷണറുടെ ബൂട്ടി! മലയാളം നമ്മുടെ സിനിമക്കാർ ലോകഭാഷയാക്കി ഉയർത്തിയിട്ടുള്ളതുകൊണ്ട് പ്രധാനമന്ത്രിക്കു മാത്രമല്ല, പാക്കിസ്ഥാനിൽ നിന്നു വന്ന തീവ്രവാദികൾക്കു വരെ മലയാളം പച്ചവെള്ളം പോലെ മനസ്സിലാകും.

ഐ എ എസ്സുകാരൻ ഭീകര സംഭവമാണ്. അതുകൊണ്ട് മൂപ്പരുടെ ഷൂസിന്റെ ക്ലോസപ്പ് മാത്രമേ കാണിക്കൂ ആദ്യം. പിന്നെ നടക്കുന്നതു കാണിക്കും. ഇംഗ്ലീഷ് എന്നു കരുതപ്പെടുന്ന ചില വാക്കുകളുപയോഗിച്ചുള്ള തെറിവിളിയാണ് ഐ എ എസ്സുകാരന്റെ പ്രധാന ആയുധം; ഐ പി എസ്സുകാരന്റെയും. (അങ്ങനെയുള്ള വാക്കുകളൊക്കെ ആംഗലേയത്തിലുണ്ടോയെന്ന് പ്രഫ. സി എ ഷെപ്പേർഡോ ടി. രാമലിംഗം പിള്ളയോ മറ്റോ ജീവിച്ചിരിപ്പുണ്ടെങ്കിൽ ചോദിക്കാമായിരുന്നു.) തെറിവിളി മാത്രമുപയോഗിച്ച് വില്ലന്മാരെ നേരിടുകയും കീഴടക്കുകയും വിജയപതാക പാറിക്കുകയും ചെയ്‌ത നായകരെന്ന നിലയിൽ നമ്മുടെ ഗിന്നസ് പക്രുവിനു പിന്നാലെ ഇവരും ലോക റെക്കോഡിലേക്ക് കടക്കാൻ ഇടവരുമെന്നു തന്നെയാണ് എന്റെ ഉത്തമവിശ്വാസം. ആ ഷൂസിന്റെ ക്ലോസപ്പ് കണ്ടപ്പോൾത്തന്നെ വിചാരിച്ചതാണ് സാർ, ഇത് ഗോഡൗണിലേ അവസാനിക്കൂ എന്ന്. ഊഹത്തിന് ഒരു പോറൽ പോലും ഏൽപ്പിക്കാതെ, വീപ്പയും കന്നാസും കാലിപ്പെട്ടിയുമൊക്കെ നിരത്തി അടുക്കിയിരിക്കുന്ന ഗോഡൗണിൽ വച്ച് അങ്ങ് എല്ലാം സമംഗളം പര്യവസാനിപ്പിക്കുന്നു.

ഭാരത് മാതാ കി ജയ് എന്നു കേൾക്കുമ്പോൾ ഏതൊരു ഇന്ത്യക്കാരനെയും പോലെ ആവേശഭരിതനാകുന്ന ഒരു സാധാരണ മനുഷ്യനാണ് ഞാൻ. ജനഗണമനയുടെ ഒടുവിലെത്തുമ്പോൾ അറിയാതെ രോമം എഴുന്നു നിൽക്കുന്ന ഒരു സാധാരണ ഇന്ത്യക്കാരൻ. പക്ഷേ, വില്ലന്റെ നെഞ്ചിൽ അവന്റെ പതാക കുത്തിയിറക്കി ഭാരത് മാതാ കി ജയ് എന്ന് ഐ എ എസ്സും ഐ പി എസ്സും കൂടി അലറുന്നതു കണ്ടപ്പോൾ തന്റേതല്ലാത്ത കാരണത്താൽ എനിക്കു ചിരിക്കാനാണു തോന്നിയത്. ഐ എ എസ്സുകാരൻ പ്രധാനമന്ത്രിയെ ഭരണം പഠിപ്പിക്കുന്നതു കണ്ടപ്പോൾ തോന്നിയതും ചിരിക്കാൻ തന്നെ. ആഭ്യന്തരമന്ത്രിയുടെ പുത്രിക്ക് (സംവൃത സുനിൽ) ഐ എ എസ്സുകാരനോട് എന്തോ ഒരു ഇത് ഉണ്ടെന്നു സൂചിപ്പിക്കാൻ അങ്ങ് ഇടയ്‌ക്കു ശ്രമിക്കുന്നതു കണ്ടപ്പോൾ ചിരിക്കാൻ മാത്രമല്ല, മൂക്കത്ത് വിരൽ വയ്‌ക്കാനും തോന്നി.

ഇടയ്‌ക്ക് ചില ഡയലോഗുകളും സമകാലികമായ ചില പരാമർശങ്ങളുമൊക്കെ തരക്കേടില്ലെന്നു തോന്നിച്ചെങ്കിലും ഇതാണോ സിനിമ? എന്താണു സാർ ഒരുമാതിരി കൊച്ചുകുട്ടികളേപ്പോലെ! പഴയ സിനിമകളിൽ നിന്ന് പലതും പെറുക്കി വച്ച് ഒരു പേരുമിട്ടാൽ സിനിമയാകുമോ? ഇല്ലെന്ന് എന്നേക്കാൾ നന്നായി അറിയാവുന്നയാളാണ് അങ്ങ്. ഈ കഥാസാരം വായിച്ച് അങ്ങു നാണിച്ചു നഖചിത്രമെഴുതി നിൽക്കുന്നത് എനിക്കിപ്പോൾ കാണാം. സിനിമ പോകുന്ന പോക്കിലെ യുക്തിയുടെ കിടപ്പോർത്താൽ അങ്ങ് നഖചിത്രമെഴുത്തിലെ രാജാ രവിവർമ്മയായിപ്പോകും!

തിരക്കഥാകൃത്തായ എന്നോടെന്തിനാ ഇതൊക്കെ പറയുന്നത് എന്ന് അങ്ങേക്ക് എന്റെ മുഖത്തു നോക്കി ചോദിക്കാൻ ന്യായമായും അവകാശമുണ്ട്. ഒരു സിനിമയുടെ ഗുണദോഷങ്ങളുടെ ഉത്തരവാദി സംവിധായകൻ തന്നെയാണ്; നിഷേധിക്കുന്നില്ല. പക്ഷേ, ഈ സിനിമയുടെ സംവിധായകൻ ഷാജി കൈലാസ് സാറല്ലേ! അദ്ദേഹത്തോട് ഇതൊക്കെ പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ സാർ? ഉണ്ടായിരുന്നെങ്കിൽ കമ്മീഷണർക്കും ആറാം തമ്പുരാനുമൊക്കെ ആക്ഷനും കട്ടും പറഞ്ഞ നാവു കൊണ്ട് അദ്ദേഹം ദ്രോണയും സൗണ്ട് ഓഫ് ബൂട്ടുമൊക്കെ സംവിധാനിക്കാൻ സമ്മതം നൽകുമോ? ഇല്ല. നരേന്ദ്രപ്രസാദ് എന്ന പ്രഗത്ഭനായ നടൻ അവതരിപ്പിച്ച ഏകലവ്യനിലെ സ്വാമിയെ സായികുമാർ അതിവികൃതമായി അനുകരിക്കുന്നതു കണ്ടപ്പോൾ സംവിധായകന്റെ കൈയിലെ ഉപകരണങ്ങൾ മാത്രമാണ് അഭിനേതാക്കൾ എന്ന വിശ്വാസം എന്നിൽ ഒന്നുകൂടി ഉറച്ചു. സായികുമാറിനേപ്പോലെ കഴിവുള്ള ഒരു നടനെ ഈ കോലത്തിലാക്കിയെടുക്കണമെങ്കിൽ സംവിധായകന്റെ സാമർത്ഥ്യമില്ലായ്‌മ നടന്റെ കഴിവിന്റെ നെറുകയിൽ കാലമർത്തി ശിവതാണ്ഡവം നടത്തുക തന്നെ വേണം.

സാറങ്ങനെയല്ലെന്നും കുറച്ചു ബുദ്ധിയുള്ള കൂട്ടത്തിലാണെന്നുമുള്ള വിചാരമുള്ളതുകൊണ്ടാണ് ഒന്ന് എഴുതാമെന്നു കരുതിയത്. ഒന്നുമില്ലെങ്കിലും ഒരു പത്രക്കാരന്റെ ബുദ്ധിയെങ്കിലും കാണാതിരിക്കില്ലല്ലോ! അടുത്ത കാലത്തെങ്ങാനും സാറ് മലയാളസിനിമ കണ്ടിരുന്നെങ്കിൽ ഇങ്ങനെയൊരു സാധനവുമായി വരില്ലായിരുന്നു എന്നാണ് എന്റെ ഉത്തമവിശ്വാസം. ടി കെ രാജീവ് കുമാർ ജനകീയവൽക്കരിച്ച അന്താരാഷ്‌ട്ര ചലച്ചിത്രോത്സവവും (IFFK) ഇന്റർനെറ്റിന്റെ വളർച്ചയും കൂടി മലയാളസിനിമയുടെ ജാതകം തന്നെ മാറ്റിയെഴുതാൻ തുടങ്ങിയിരിക്കുന്നു സാർ. (ലക്ഷണമൊത്ത ഒരു സിനിമ പോലും എടുത്തിട്ടില്ലെങ്കിലും, ചലച്ചിത്ര അക്കാദമിയുടെ ഏറ്റവും മികച്ച സാരഥിയെന്ന നിലയിൽ രാജീവ് കുമാറിന്റെ നാമം വാഴ്ത്തപ്പെടുക തന്നെ വേണം. അദ്ദേഹത്തെ നമ്മുടെ സിനിമാചരിത്രം അവഗണിക്കാതിരിക്കട്ടെ.) കട്ടും മോട്ടിച്ചും ചിലപ്പോൾ കണ്ടുപഠിച്ചുമൊക്കെയായി നമ്മുടെ പുതിയ ചെറുപ്പക്കാർ പുതിയ തരം സിനിമകളൊക്കെ പിടിച്ചു തുടങ്ങിയിരിക്കുന്നു ഇപ്പോൾ. അതിൽ രസിക്കുന്ന ഒരു തലമുറ ഇവിടെ വളർന്നുതുടങ്ങുകയും ചെയ്‌തിരിക്കുന്നു.

നമ്മുടെ രഞ്ജിത്തൊക്കെ കാറ്റിനനുസരിച്ച് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നതു കാണുന്നില്ലേ? മലയാളത്തിൽ പിച്ച വച്ചു തുടങ്ങുന്ന നവസിനിമയുടെ കാരണവരായി മൂപ്പര് അവരോധിക്കപ്പെട്ടു കഴിഞ്ഞു. അതിന്റെ തൊട്ടിപ്പുറത്തൊരു കസേര പിടിക്കാൻ കഴിവുള്ളയാളാണ് സാർ താങ്കൾ. ഇമ്മാതിരി കുഞ്ഞുകളികളൊക്കെ നിർത്തി ഒരു കൈ നോക്കണമെന്നാണ് എന്റെ അഭിപ്രായം. ജീവിതം ഒരു മഹാത്ഭുതമാണ്, ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അതു നിങ്ങൾക്കായി എപ്പോഴും കാത്തുവയ്‌ക്കുന്നു എന്ന് എഴുതിയത് അങ്ങയുടെ പ്രിയസുഹൃത്ത് ബാലചന്ദ്രൻ ചുള്ളിക്കാട് തന്നെയാണ്. അങ്ങ് ജീവിതത്തിനൊരു ചാൻസ് കൊടുക്കണം.

നന്മകൾ പ്രാർത്ഥിച്ചുകൊണ്ട്

സ്നേഹത്തോടെ
ജി. കൃഷ്‌ണമൂർത്തി

No comments:

Post a Comment