Thursday, July 19, 2012

സ്പിരിറ്റ്: കാഴ്ചക്കാര്‍ക്കിത് ഹാനികരം !

ഹരി ,ചിത്രവിശേഷം


  മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് 'റോക്ക് ന്‍' റോള്‍' ചെയ്തത് രണ്ടായിരത്തിയേഴിലാണ്‌. അഞ്ചു വര്‍ഷത്തിനു ശേഷം ഇരുവരും വീണ്ടുമൊന്നിക്കുകയാണ്‌ 'സ്പിരിറ്റെ'ന്ന ചിത്രത്തിലൂടെ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്‌ രഞ്ജിത്ത് രചയിതാവു കൂടിയായ ഈ ചിത്രത്തിന്റെ നിര്‍മ്മാണം. ശങ്കര്‍ രാമകൃഷ്ണന്‍, കനിഹ എന്നിവരൊക്കെയാണ്‌ മോഹന്‍ലാലിനൊപ്പം ഇതില്‍ കേന്ദ്രകഥാപാത്രങ്ങള്‍. 'റോക്ക് ന്‍' റോളി' നു ശേഷം രഞ്ജിത്തില്‍ നിന്നുണ്ടായ ചിത്രങ്ങളെല്ലാം ഒരേ സമയം നിരൂപക പ്രശംസ നേടിയതും അതേ സമയം തന്നെ ബോക്സ് ഓഫീസില്‍ വിജയം കണ്ടവയുമായിരുന്നു. തിരക്കഥാകൃത്തെന്ന നിലയില്‍ മാത്രമല്ല മറിച്ച് സംവിധായകനെന്ന നിലയിലും രഞ്ജിത്ത് തിളങ്ങിയ ചിത്രങ്ങളായിരുന്നു ഇവയെല്ലാം. മലയാളത്തിലെ സ്ഥിരം മസാല ചേരുവകളൊഴിവാക്കി വ്യത്യസ്തമായ പ്രമേയങ്ങള്‍ പരീക്ഷിക്കുവാനും ഈ ചിത്രങ്ങളിലൂടെ രഞ്ജിത്ത് ധൈര്യം കാണിച്ചു. ഇതിനൊക്കെ പുറമേ, വ്യത്യസ്ത അഭിരുചികളുള്ള പ്രേക്ഷകരില്‍ ഭൂരിഭാഗത്തിനും ആസ്വാദ്യകരമായ ചലച്ചിത്രാനുഭവങ്ങളായിരുന്നു ഇവയൊക്കെയും. ഈ കാരണങ്ങളെല്ലാം കൊണ്ടു തന്നെ 'സ്പിരിറ്റി'നെക്കുറിച്ചുള്ള ആസ്വാദകരുടെ പ്രതീക്ഷകളും വാനോളമാണ്‌‌. പക്ഷെ, എന്തു ചെയ്യാം; ഇത്തരം പ്രതീക്ഷകളൊക്കെയും ആവിയാക്കുന്നതല്ലാതെ ഒരു തരത്തിലും തൃപ്തിപ്പെടുത്തുന്നതല്ല ഈ ചിത്രം.



മദ്യപാനത്തിന്റെ ദൂഷ്യവശങ്ങള്‍, അതുണ്ടാക്കുന്ന കുടുംബ പ്രശ്നങ്ങളും സാമൂഹിക അസ്വസ്ഥതകളും; ഇതൊക്കെയൊന്നു ചര്‍ച്ച ചെയ്യുന്നൊരു സിനിമയെടുക്കുക എന്നതായിരിക്കാം രഞ്ജിത്തും കൂട്ടരും ഈ ചിത്രത്തില്‍ ഉദ്ദേശിച്ചത്. ഉദ്ദേശമൊക്കെ നല്ലതു തന്നെ. മദ്യപാനാസക്തിക്കെതിരെയുള്ളൊരു പരസ്യചിത്രമായോ, മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങള്‍ ചര്‍ച്ച ചെയ്യുന്നൊരു സുദീര്‍ഘ ഡോക്യുമെന്ററി ചിത്രമായോ ഒക്കെ പരിഗണിച്ചാല്‍ നന്നായെന്നു പറയുകയും ചെയ്യാം. പക്ഷെ, സിനിമയായി കാണാനിരുന്നാല്‍ ഇരിക്കുന്നവര്‍ പാടുപെടുക തന്നെ ചെയ്യും. രഘുനന്ദനന്‍ അഥവാ രഘു എന്നയാളുടെ മദ്യപാനം, പിന്നെ അയാളുടെ തിരിച്ചറിവിനു കാരണമായി ചില ചില്ലറ സംഭവങ്ങള്‍, അതിനു ശേഷമയാളുടെ നെടുനീളന്‍ ഉപദേശങ്ങള്‍; ഇങ്ങിനെ മൂന്നു ഭാഗങ്ങളായാണ്‌ ചിത്രം പുരോഗമിക്കുന്നത്. ഓരോ ഭാഗത്തിലും ഉപയോഗിക്കാവുന്ന തരത്തില്‍ കുറേ രംഗങ്ങള്‍ പ്രത്യേകിച്ചൊരു ദിശാബോധവുമില്ലാതെ ചിത്രീകരിച്ചതാണ്‌ ഈ സിനിമയെന്ന് ചുരുക്കത്തില്‍ പറയാം. ഏതു സമയവും വെള്ളത്തിലായവരുടെ വിളിപ്പേര്‌ താമര, ഇത്തരം ചില 'നര്‍മ്മഭൂമി' തമാശകളുമുണ്ട് ഇടയ്‍ക്ക്; പക്ഷെ ഒന്നുമങ്ങോട്ട് ഏശുന്നില്ലെന്നു മാത്രം!




രഘുനന്ദനനെന്ന മദ്യപാനിയായി മോഹന്‍ലാലാണ്‌ എത്തുന്നത് എന്നതിനാല്‍ പുള്ളിയൊരു ജീനിയസായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? പക്ഷെ, സിനിമയിലെ കഥാപാത്രങ്ങളെല്ലാവരും ഇടയ്‍ക്കിടയ്‍ക്കിത് പറഞ്ഞ് നമ്മളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കും! ഇനിയിപ്പോ ജീനിയസല്ലെന്ന് ആര്‍ക്കെങ്കിലും തോന്നിയാലോ എന്നു പേടിച്ചിട്ടാണോ എന്തോ രഞ്ജിത്ത് ഈ കുറുക്കുവഴി തേടിയത്. പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്ന ലാഘവത്തോടെ അല്ലെങ്കില്‍ അനായാസതയോടെ മോഹന്‍ലാല്‍ രഘുവിനെ അവതരിപ്പിച്ചിട്ടുണ്ട്. അതിനപ്പുറമൊരു മികവ് രഘുവെന്ന കഥാപാത്രത്തിനോ മോഹന്‍ലാലിന്റെ അഭിനയത്തിനോ പറയുവാനില്ല. കനിഹ, സിദ്ദാര്‍ത്ഥ്, ലെന, സുരാജ് വെഞ്ഞാറമ്മൂട്, മധു തുടങ്ങിയവരൊക്കെ സിനിമയിലാണോ അതോ വല്ല സ്റ്റേജ് ഷോയിലുമാണോ അഭിനയിക്കുന്നതെന്ന സംശയമാണ്‌ കാണികളിലുണ്ടാക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍, നന്ദു, കല്‍പന, ടിനി ടോം, തിലകന്‍, ഗോവിന്ദന്‍കുട്ടി എന്നിവരൊക്കെയാണ്‌ പിന്നെയും മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുന്നത്. ചെറിയ ചെറിയ വേഷങ്ങളില്‍, കണ്ടു പരിചയമുള്ളവരും ഇല്ലാത്തവരുമായി, ഇനിയുമുണ്ട് ഒരുപിടി താരങ്ങള്‍.
വേണു തന്റെ ക്യാമറകൊണ്ട് അത്ഭുതങ്ങളൊന്നും കാട്ടുന്നില്ലെങ്കിലും ചിത്രത്തിന്‌ അവശ്യം വേണ്ട ദൃശ്യമികവു നല്‍കുവാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. സന്ദീപ് നന്ദകുമാറിന്റെ ചിത്രസന്നിവേശത്തില്‍ അവ പലപ്പോഴും ചേരും‍പടിയല്ല ചേര്‍ന്നതെന്ന തോന്നലാണുണ്ടാക്കിയത്. അലക്ഷ്യമായി ജീവിക്കുന്നൊരാളാണ്‌ രഘുനന്ദനന്‍, എന്നാല്‍ സന്തോഷ് രാമന്റെ കലാസംവിധാനത്തിലയാളുടെ വീട് എല്ലായ്‍പോഴും സ്റ്റുഡിയോ അപാര്‍ട്ട്മെന്റുകളുടെ പരസ്യചിത്രം മാതിരി തന്നെ കാണപ്പെട്ടു. രഞ്ജിത്ത് അമ്പാടിയുടെ ചമയം, സമീറ സനീഷിന്റെ വസ്‍ത്രാലങ്കാരം എന്നിവയൊക്കെ സിനിമയ്‍ക്കുതകുന്നു. റഫീഖ് അഹമ്മദെഴുതി ഷഹബാസ് അമന്‍ ഈണമിട്ട ഗാനങ്ങള്‍ക്ക് കവിതാലാപനത്തിന്റെ ഛായായാണുള്ളത്. ഓരോരോ കാരണമുണ്ടാക്കിയൊക്കെയാണ്‌ അവയുടെ ചിത്രത്തിലെ ഉപയോഗമെങ്കിലും, ചിത്രത്തിനൊരു അനിവാര്യതയൊന്നുമല്ല ഈ ഗാനങ്ങള്‍.

കേരളത്തിന്റെ ഇന്നത്തെ സാമൂഹികസാഹചര്യത്തില്‍ പ്രസക്തമായൊരു വിഷയമാണ്‌ രഞ്ജിത്ത് തന്റെ സിനിമയ്‍ക്കു വേണ്ടി തിരഞ്ഞെടുത്തത്. മദ്യപാനത്തെയും അതുണ്ടാക്കുന്ന പ്രശ്നങ്ങളേയും കുറിച്ചുമൊക്കെ തനിക്കുള്ള ആശയങ്ങള്‍ നെടുങ്കന്‍ ഡയലോഗുകളാക്കി രഞ്ജിത്ത് രഘുവിലൂടെ നമ്മോട് പറയുന്നു. കുറേയൊക്കെ കേട്ടിരിക്കാമെങ്കിലും ഏകദേശം രണ്ടരമണിക്കൂറോളം ഇതൊക്കെ തന്നെയായാല്‍ എങ്ങിനെയുണ്ടാവും? മേല്‍ പറഞ്ഞ ആശയങ്ങളെ മുന്‍നിര്‍ത്തി ഒരു സിനിമയ്‍ക്കുതകുന്നൊരു തിരനാടകം നിര്‍മ്മിക്കുന്നതില്‍ രഞ്ജിത്ത് ഇവിടെ പരാജയപ്പെട്ടു എന്നേ അതിനുത്തരമുള്ളൂ. ഈ ചിത്രത്തിനു കിട്ടുന്ന പ്രതികരണങ്ങളൊക്കെ നല്ല സ്പിരിറ്റിലെടുത്ത് കൂടുതല്‍ മെച്ചപ്പെട്ട ചിത്രങ്ങളുമായി രഞ്ജിത്തിന്‌ എത്തുവാന്‍ കഴിയുമെന്ന പ്രത്യാശയോടെ നിര്‍ത്തുന്നു.

ചിന്താകുഴപ്പം: മദ്യവും പുകവലിയും ആരോഗ്യത്തിനു ഹാനികരമെങ്കിലും, നായകന്‍ കുടിയനാണൊപ്പം വലിക്കാരനുമാണെന്നിരിക്കെ, പുകവലി സംവിധായകനൊരു പ്രശ്നമേയാവുന്നില്ല! ഇനിയിപ്പോള്‍ 'സിഗരറ്റ്' എന്ന പേരില്‍ മറ്റൊരു ചിത്രമാക്കാനാണോ എന്തോ!

No comments:

Post a Comment