Monday, July 30, 2012

വിനുവിന്റെ 'ഫെയ്‌സ് ടു ഫെയ്‌സി'ല്‍ മമ്മൂട്ടി

പ്രേംചന്ദ്‌































മാറ്റത്തിന്റെ പാതയിലാണ് മലയാള സിനിമ. മ്മൂട്ടിയുമൊരുമിച്ച് ജനപ്രിയ കുടുംബചിത്രങ്ങളില്‍ ഒരുതരംഗംതന്നെ സൃഷ്ടിച്ച 'പല്ലാവൂര്‍ ദേവനാരായണനും' 'വേഷ'ത്തിനും 'ബസ്‌കണ്ടക്ടര്‍'ക്കും ശേഷം നാലാംവട്ടം ഒന്നിക്കുമ്പോള്‍ വി.എം. വിനുവും വഴിമാറി നടക്കുകയാണ്. ഇത്തവണ ജീവിതവും മരണവും മുഖാമുഖം കണ്ടുമുട്ടുന്ന നഗരജീവിതത്തിന്റെ ഭീതിദമായ വഴികള്‍ അനാവരണംചെയ്യുന്ന ഒരു ത്രില്ലറിന്റെ വഴിയിലാണ് വിനു.

ഉദ്വേഗജനകമായ ഒരു അന്വേഷണക്കഥയാണ് 'ഫെയ്‌സ് ടു ഫെയ്‌സി'ലൂടെ ഒരുക്കുന്നത്. മനോജിന്റെ രചനയ്ക്ക് ദൃശ്യാവിഷ്‌കാരം നിര്‍വഹിക്കുന്നത് അജയന്‍ വിന്‍സന്റാണ്. നിശ്ശബ്ദമാക്കപ്പെടുന്ന മരണത്തിന്റെ കാണാപ്പുറങ്ങള്‍ തേടിയുള്ള അന്വേഷകനായാണ് മമ്മൂട്ടിയുടെ ബാലചന്ദ്രന്‍ എന്ന കഥാപാത്രമെത്തുന്നത്. നഗരത്തിന്റെ ആസക്തികള്‍ക്കും ആഘോഷങ്ങള്‍ക്കുമിടയില്‍ ആരുമറിയാതെ പോകുന്ന മരണങ്ങള്‍ വിസ്മൃതിയിലേക്ക് കുഴിച്ചുമൂടപ്പെടുകയാണ്. ഏതുനിമിഷവും ഒരാള്‍ ആക്രമിക്കപ്പെടാവുന്ന നഗരത്തിലാണ് നമ്മളില്‍ പലരും ജീവിച്ചുകൊണ്ടിരിക്കുന്നത്. ക്രൂരമായ ഈ യാഥാര്‍ഥ്യങ്ങള്‍ നേരിടുന്ന കരുത്തുള്ള ഒരു കഥാപാത്രമായാണ് മമ്മൂട്ടിയുടെ ബാലചന്ദ്രന്‍ എന്ന അന്വേഷകനെ അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ വി.എം. വിനു പറഞ്ഞു.

കോഴിക്കോടന്‍ പശ്ചാത്തലത്തിലുള്ള തന്റെ സിനിമകളുടെ പൊതുധാരയില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായി ഇത്തവണ വിനു ഗോവ, എറണാകുളം, മൂന്നാര്‍ എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിക്കുന്നത്. ആഗസ്ത് മൂന്നിന് എറണാകുളത്ത് തുടങ്ങുന്ന ചിത്രം ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സിനുവേണ്ടി നാസര്‍ നിര്‍മിച്ച് തിയേറ്ററുകളിലെത്തിക്കും.

മമ്മൂട്ടിക്കുപുറമെ മലയാളസിനിമയിലെ പ്രമുഖ താരനിരയുണ്ടെങ്കിലും നാല് പുതുമുഖങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ് 'ഫെയ്‌സ് ടു ഫെയ്‌സി'ന്റെ മറ്റൊരു പ്രത്യേകത. റോമയും ഒരു പുതുമുഖവുമായിരിക്കും നായികമാര്‍.

സിദ്ദിഖ്, കുഞ്ചന്‍, വിജയരാഘവന്‍, പ്രതാപ്‌പോത്തന്‍, വിനീത്കുമാര്‍, കലാഭവന്‍ മണി, നിഷാന്ത് സാഗര്‍ എന്നിവരാണ് പ്രധാന താരനിര. റഫീഖ് അഹമ്മദിന്റെയും അനില്‍ പനച്ചൂരാന്റെയും ഗാനങ്ങള്‍ക്ക് അല്‍ഫോണ്‍സ് സംഗീതം പകരുന്നു. ഷീബയാണ് വസ്ത്രാലങ്കാരം. അരോമ മോഹന്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവും.

No comments:

Post a Comment