Friday, July 20, 2012

തട്ടത്തിന്‍ മറയത്ത്: ഈ പടമൊരു 'മൊഞ്ചത്തി'


ഹരി 





'ഉമ്മച്ചിക്കുട്ടിയെ പ്രേമിച്ച നായരുടെ കഥ' - പോസ്റ്ററിലിങ്ങനെ പ്രേമത്തെ കണ്ടപ്പോളുണ്ടായ കലിപ്പ് ചെറുതല്ല. :-) എന്നാലീ ഉമ്മച്ചിക്കുട്ടിയുടേയും നായരുടേയും കഥ 'തട്ടത്തിന്‍ മറയത്തി'ലൂടെ വിനീത് ശ്രീനിവാസന്‍ പറയുമ്പോള്‍ ഇതൊരു പെണ്ണിനെ പ്രേമിച്ച ആണിന്റെ കഥയാവുന്നു, അവരുടെ പ്രണയമാവട്ടെ മനസില്‍ തൊടുന്നൊരനുഭവവുമാവുന്നു. പ്രണയിച്ചിട്ടുള്ളവര്‍ക്കിതൊരു അയവിറക്കലാണ്‌, ഇപ്പോള്‍ പ്രണയിക്കുന്നവരുടെ മനസിനൊരു തണുപ്പും ഇനിയും പ്രണയിച്ചിട്ടില്ലാത്തവര്‍ക്കൊരു നഷ്ടബോധവും! 'മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബി'ല്‍ നിന്നും 'തട്ടത്തിന്‍ മറയത്തി'ലെത്തുമ്പോള്‍ രചയിതാവായും സംവിധായകനായും വിനീത് ശ്രീനിവാസന്‍ പടവുകള്‍ പലതു കയറിയിരിക്കുന്നു. ലൂമിയര്‍ ഫിലിം കമ്പനിയുടെ ബാനറില്‍ ശ്രീനിവാസനും മുകേഷും ചേര്‍ന്നാണ്‌ ചിത്രത്തിന്റെ നിര്‍മ്മാണം. നിവിന്‍ പോളി, ഇഷ തല്‍വാര്‍, അജു വര്‍ഗീസ് തുടങ്ങിയവരൊക്കെയാണ്‌ ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍. ഒരു നല്ല കാഴ്ചയെന്നതിനപ്പുറം ഒരു നല്ല പ്രണയാനുഭവവുമായി മാറുന്ന ചിത്രം ആരും ഇഷ്ടപ്പെട്ടു പോവുന്നൊരു 'മൊഞ്ചത്തി' തന്നെയാണ്‌.

രണ്ടു മതത്തില്‍ പെട്ടൊരു ആണിന്റെയും പെണ്ണിന്റെയും കഥ പുതിയതൊന്നുമല്ല, അതിനെ ഇന്നത്തെ കാലത്തോടിണക്കി ഒരു നല്ല പ്രണയാനുഭവമാക്കിയതില്‍ വിനീത് ശ്രീനിവാസനെ അഭിനന്ദിക്കുക തന്നെ വേണം. കഥയല്ല, മറിച്ച് അതെങ്ങിനെ പറയുന്നു എന്നതാണ്‌ സിനിമയില്‍ കാര്യമെന്നതിന്‌ ഒരു നല്ല ഉദാഹരണം കൂടിയാവുന്നുണ്ട് ഈ ചിത്രം. അതിനാടകീയതയിലേക്ക് വഴുതാതെ കഥാസന്ദര്‍ഭങ്ങളെ മികവോടെ അവതരിപ്പിക്കുവാനും രചയിതാവിനായി. കളിയായും കാര്യമായും ചിരിക്കാനും ചിന്തിക്കാനുമുതകുന്ന കുറേ നല്ല വരികള്‍ കഥാപാത്രങ്ങള്‍ക്കു നല്‍കിയിട്ടുമുണ്ട് വിനീത്. പക്ഷെ, കുറ്റമറ്റൊരു തിരക്കഥയെന്നുമാവുന്നില്ല ഇതിന്റേത്. പ്രണയമുണ്ടാവുന്നത് രണ്ടു പേര്‍ തമ്മിലാണെങ്കിലും അവരിലൊരാളുടെ പ്രണയത്തെ മാത്രം ഏകപക്ഷീയമായി അവതരിപ്പിക്കുന്നു ചിത്രം. ഉമ്മച്ചിക്കുട്ടിയുടെ (ആയിഷ / ഐഷയുടെ) പ്രണയം അപ്പോഴും തട്ടത്തിന്റെ മറയത്തു തന്നെയെന്നു സാരം. ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന ആയിഷയുടെ ബാപ്പയെ കൂടുതല്‍ ഭംഗിയാക്കുവാനും രചയിതാവിനാവുമായിരുന്നു. ഇതൊടുക്കം ഒരു സുപ്രഭാതത്തിലുള്ള ബാപ്പയുടെ മനസുമാറ്റം അത്ര വിശ്വസനീയമായി അനുഭവപ്പെട്ടില്ല. ഒരൊറ്റ രാത്രിയിലെ മകളുടെ കരച്ചില്‍ കണ്ടുള്ള മാറ്റമെന്നു തോന്നാതെ, ആ കഥാപാത്രത്തില്‍ വരുന്ന മാറ്റം കൂടുതല്‍ പൂര്‍ണതയോടെ അവതരിപ്പിക്കാമായിരുന്നു. ഇതോടൊപ്പം വിനോദിന്റെ പ്രണയത്തിനു ചുക്കാന്‍ പിടിക്കാന്‍ മുട്ടി നില്‍ക്കുന്ന ജനമൈത്രി പോലീസെന്ന കല്ലുകടി കൂടി മാറ്റി നിര്‍ത്തിയാല്‍ മറ്റിടങ്ങള്‍ യുക്തിസഹമായി പറയുവാന്‍ വിനീതിനു കഴിഞ്ഞു. എന്നാലീ കുറവുകളെയൊക്കെ അപ്രസക്തമാക്കും വിധം, തുടക്കം മുതല്‍ ഒടുക്കം വരെ കാണികളുടെ ശ്രദ്ധ സിനിമയില്‍ നിന്നു മാറാതെ കാക്കുവാന്‍ വിനീതിലെ സംവിധായകനായി എന്നതാണിവിടെ പ്രസക്തം.

കാഴ്ചയിലും പ്രവര്‍ത്തിയിലും ഒരു പാവക്കുട്ടി മാതിരിയാണ് തട്ടത്തിന്റെ മറയത്തുള്ള ഇഷ ത‍ല്‍വാറിന്റെ ആയിഷ. അങ്ങിനെയുള്ള ആയിഷയെ പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാവുന്നത് വിനോദിലൂടെയാണ്‌. ഈയൊരു അധികബാധ്യത കൂടി ഏറ്റെടുത്ത് വിനോദിനെ മികവോടെ അവതരിപ്പിക്കുവാന്‍ നിവിന്‍ പോളിക്കു കഴിഞ്ഞു. ആയിഷ - വിനോദ് പ്രണയജോഡികള്‍ക്ക് ഹംസമാവുന്ന ഹംസയെ അവതരിപ്പിച്ച ഭഗത് മാനുവല്‍, വിനോദിന്റെ സന്തത സഹചാരിയായെത്തുന്ന അജു വര്‍ഗീസ്, സതീശനെന്ന വേഷത്തില്‍ ദിനേഷ് നായര്‍, ചെറിയ വേഷങ്ങളിലെത്തുന്ന സണ്ണി വെയിനും മണിക്കുട്ടനും, ആയിഷയുടെ ചേച്ചിയായി അപര്‍ണ നായര്‍; ഇങ്ങിനെ ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ച യുവ അഭിനേതാക്കളേവരും തങ്ങളുടെ വേഷങ്ങള്‍ വലിപ്പച്ചെറുപ്പമില്ലാതെ മികച്ചതാക്കി. മനോജ് കെ. ജയന്‍, ശ്രീനിവാസന്‍ തുടങ്ങിയ മുതിര്‍ന്ന താരങ്ങളും മോശമായില്ല. ചിത്രത്തിന്റെ തുടക്കത്തിലെത്തുന്ന കുട്ടികളുടെ ശരീരഭാഷയില്‍ വല്ലാത്തൊരു ഏച്ചുകെട്ടല്‍ അനുഭവപ്പെട്ടു. ഒരുപക്ഷെ, കുട്ടികളെ ഉപയോഗിക്കുവാന്‍ വിനീത് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.
പടമൊരു മൊഞ്ചത്തിയെങ്കില്‍ ആ മൊഞ്ചത്തിയുടെ ഏഴഴകും നമുക്കു കാട്ടിത്തരുന്നത് ജോമോന്‍ ടി. ജോണിന്റെ ക്യാമറയാണ്‌. ദൃശ്യങ്ങള്‍ക്കു മിഴിവേകുന്നതില്‍ അജയന്‍ മങ്ങാടിന്റെ കലാസംവിധാനത്തിനും ഒപ്പം സമീറ സനീഷിന്റെ വസ്‍ത്രാലങ്കാരത്തിനുമുള്ള പങ്കു ചെറുതല്ല. ചമയത്തില്‍ ഹസന്‍ വണ്ടൂരും മികവു പുലര്‍ത്തുന്നു. ഇവരുടെ പിന്തുണയോടെ ജോമോന്‍ പകര്‍ത്തിയ സുന്ദര ദൃശ്യങ്ങളെ രഞ്ജന്‍ എബ്രഹാം സന്നിവേശിപ്പിക്കുക കൂടി ചെയ്തപ്പോള്‍ 'അഭ്രപാളിയിലെ കവിത' എന്നൊക്കെ പറയുവാന്‍ തോന്നുന്നൊരു ചേല്‌ ഓരോ ഫ്രയിമിലും നിറയുന്നു. ഇതിനൊക്കെ പുറമേ ചിത്രത്തില്‍ പ്രണയം നിറച്ചു കൊണ്ട് ഷാന്‍ റഹ്മാന്‍ ഈണമിട്ട പശ്ചാത്തലവും മനോഹര ഗാനങ്ങളും കൂടി ചേരുമ്പോള്‍ പറഞ്ഞറിയിക്കുവാന്‍ വിഷമമായ, കണ്ടറിയേണ്ടൊരു ചിത്രമായി 'തട്ടത്തിന്‍ മറയത്ത്' മാറുന്നു. ചില ചലച്ചിത്രഗാനങ്ങളെ സമര്‍ത്ഥമായി ഉപയോഗിച്ച്, നിശബ്ദതയ്‍ക്കും കൂടി ഇടം നല്‍കിയാണ്‌ ഷാന്‍ റഹ്മാന്റെ പശ്ചാത്തലസംഗീതം ദൃശ്യങ്ങളെ പൊലിപ്പിച്ചു കൊണ്ടു ചേരുന്നത്. 

വിനീത് ശ്രീനിവാസനെഴുതി അദ്ദേഹം തന്നെ ആലപിച്ച "അനുരാഗത്തിന്‍ വേളയില്‍..." ഇതിനോടകം തന്നെ ഹിറ്റാണ്‌. അനു എലിസബത്ത് ജോസെഴുതിയ മൂന്നു ഗാനങ്ങള്‍; സച്ചിന്‍ വാര്യരും രമ്യ നമ്പീശനും ചേര്‍ന്നു പാടിയ "മുത്തുച്ചിപ്പി പോലൊരു...", സച്ചിന്‍ വാര്യര്‍ പാടിയ "തട്ടത്തിന്‍ മറയത്തെ പെണ്ണേ...", വിനീത് പാടിയ "ശ്യാമാംബരം പുല്‍കുന്നൊരാ..." എന്നിവയും ശ്രദ്ധേയം. രാഹുല്‍ സുബ്രഹ്മണ്യന്‍ പാടിയ "അനുരാഗം, അനുരാഗം...", യാസിന്‍ നിസാര്‍ പാടിയ "പ്രാണന്റെ നാളങ്ങള്‍...", അരുണ്‍ ഏലാട്ടിന്റെ ശബ്ദത്തിലുള്ള "നമോസ്‍തുതേ..." എന്നിവയൊക്കെ ഗാനങ്ങളേക്കാളുപരി ദൃശ്യങ്ങളെ പൂരകമാക്കുന്ന പശ്ചാത്തലസംഗീതമായാണ്‌ ചിത്രത്തില്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. ക്ലോസപ്പ് ഷോട്ടുകളില്‍, ചിലതു മാത്രം ഫോക്കസിലാക്കിയുള്ള ദൃശ്യങ്ങളുടെ ആധിക്യമുണ്ട് ഗാനരംഗങ്ങളില്‍. സംവിധായകനും ഛായാഗ്രാഹകനും പാട്ടുകളുടെ ചിത്രീകരണത്തില്‍ കാര്യമായ ആശയങ്ങളില്ലായിരുന്നെന്നു തോന്നിപ്പോവും പലപ്പോഴും.

'പെണ്ണിന്റെ സ്വപ്നങ്ങളെയല്ല മറിച്ച് അവളുടെ വിശുദ്ധിയെയാണ്‌ കറുത്തതുണികൊണ്ട് മറയ്‍ക്കേണ്ടത്' എന്ന വാചകമൊക്കെ എത്രമാത്രം സാധുവാണെന്ന് സംശയമുണ്ടെങ്കിലും, സ്വപ്നങ്ങള്‍ക്കെങ്കിലും സ്വാതന്ത്ര്യം കിട്ടുന്നെങ്കില്‍ (സിനിമയിലെങ്കിലും!) അത്രയുമായി. ഒരുപക്ഷെ ഒരു യഥാര്‍ത്ഥ ജീവിതത്തില്‍ ഇതൊന്നും നടക്കില്ലായിരിക്കാം, ഒരു ദിവാസ്വപ്നം തന്നെയാവാം വിനോദിന്റെയും ആയിഷയുടേയും പ്രണയസാഫല്യം; പക്ഷെ, ഇത്തരത്തില്‍ ചില സ്വപ്നങ്ങളെങ്കിലും കാണുവാനില്ലെങ്കില്‍ എത്ര വിരസമായിരിക്കും ഈ ലോകം! ആദ്യം കാണിക്കുന്ന കുട്ടികളെ ചിത്രത്തിനൊടുവില്‍ പേരു ചൊല്ലി വിളിച്ചില്ലെങ്കിലും കാണികള്‍ക്കു മനസിലാവും. അത്രയെങ്കിലുമൊക്കെ പ്രേക്ഷകര്‍ക്ക് ബോധമുണ്ടെന്ന് വിനീതിന്‌ അടുത്ത ചിത്രത്തില്‍ ഓര്‍മ്മിക്കാം. മറിച്ച് അവര്‍ വിനോദ് - ആയിഷയെ* അല്ലായിരുന്നെങ്കില്‍ പിന്നെയുമതിന്‌ സാംഗത്യം വരുമായിരുന്നു. ഒടുവിലെ ഈ കല്ലുകടി ഒരല്‍പം അലോസരപ്പെടുത്തി. പക്ഷെ, ഇവയൊന്നും ചിത്രത്തിന്റെ മൊത്തത്തിലുള്ള ആസ്വാദ്യതയെ തരുമ്പും ബാധിക്കുന്നില്ലെന്നത് എടുത്തു പറയുന്നു. വടക്കന്‍ കേരളത്തിലെ പാതിരാക്കാറ്റു തട്ടിത്തടഞ്ഞു പോവുന്ന തട്ടവും മുടിയും സ്വന്തമായ ഉമ്മച്ചിക്കുട്ടിയെ പ്രേമിച്ച നായരുടെ കഥ ഞങ്ങളുടേതാക്കിയ വിനീതിനും കൂട്ടുകാര്‍ക്കും 'ചിത്രവിശേഷ'ത്തിന്റെ അഭിനന്ദനങ്ങള്‍/

വിനോദിന്റെ ചേച്ചിയും ഹംസയും തമ്മിലുള്ള പ്രണയസാഫല്യമായി ഇവിടം മാറ്റിയിരുന്നെങ്കിലോ? നായരുകുട്ടിയെ കണ്ടു പടച്ചവനെ വിളിക്കുന്ന മുസ്ലീം പയ്യനായി ആണ്‍കുട്ടിയും മാറണം. ഇങ്ങിനെയൊരു കുസൃതി കൂടുതല്‍ ആസ്വാദ്യകരമാവുമായിരുന്നില്ലേ? :)

സ്പെഷ്യല്‍ മെന്‍ഷന്‍: പര്‍ദ്ദയിട്ടൊരു സ്‍ത്രീ കൃഷ്ണനായി വേഷമിട്ടൊരു കുട്ടിയുമായി പോവുന്നൊരു ദൃശ്യമുണ്ട് ചിത്രത്തില്‍. പുകവലി ഹാനികരമെന്ന് എഴുതി കാണിക്കുന്നതു പോലെ, ആ ഫ്രയിമില്‍ 'Inspired from a famous photograph' എന്നെഴുതി കാണിക്കുവാന്‍ മനസു കാണിച്ച വിനീതിനും സംഘത്തിനും ഒരു സ്പെഷ്യല്‍ കൈയ്യടി. :)



No comments:

Post a Comment