Sunday, July 1, 2012

ദി കിംഗ്‌ ആന്‍ഡ്‌ ദി കമ്മിഷണര്‍ –വെറുക്കപ്പെടേണ്ടൊരു താന്തോന്നിത്തരം!‌

രണ്‍ജി പണിക്കരെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത 'ദി കിംഗ്', 'കമ്മീഷണര്‍' എന്നീ സിനിമകളിലെ കഥാപാത്രങ്ങളായ ജോസഫ് അലക്സ് IAS-നേയും ഭരത്ചന്ദ്രന്‍ IPS-നേയും ഒരുമിച്ചൊരു സിനിമയില്‍ അവതരിപ്പിക്കുകയാണ്‌ ഇതേ കൂട്ടുകെട്ടില്‍ നിന്നും പുറത്തിറങ്ങിയ 'ദി കിംഗ് & ദി കമ്മീഷണറി'ല്‍. ജോസഫ് അലക്സായും ഭരത് ചന്ദ്രനായും യഥാക്രമം മമ്മൂട്ടിയും സുരേഷ് ഗോപിയും നിറഞ്ഞാടുന്നൊരു പൊളിറ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറായാണ്‌ ഈ ചിത്രം വിഭാവനം ചെയ്തിരിക്കുന്നത്. എം‍പറര്‍ സിനിമയുടെ ബാനറില്‍ ആന്റോ ജോസഫാണ്‌ ചിത്രത്തിന്റെ നിര്‍മ്മാണം. നിലവിലെ രാഷ്‍ട്രീയ സാമൂഹിക സാഹചര്യങ്ങളെ വിമര്‍ശിച്ചുകൊണ്ട് ചില സംഭാഷണങ്ങള്‍ ജോസഫ് അലക്സിന്റെയും ഭരത്ചന്ദ്രന്റെയും വായിലൂടെ പറഞ്ഞു കേള്‍പ്പിക്കുന്നു എന്നതിനപ്പുറം ഒരു സിനിമ എന്നു പേരിട്ടു വിളിക്കുവാന്‍ ഒന്നും തന്നെ മൂന്നു മണിക്കൂറിലധികമുള്ള ഈ സാധനത്തില്‍ കാണുവാനില്ല. ചിത്രം ചവറാണ്‌ എന്നതിനപ്പുറം, ചിത്രം മുന്നോട്ടു വെയ്‍ക്കുന്ന ആശയങ്ങള്‍ അത്യന്തം അപകടകരങ്ങളാണ്‌ എന്നതാണ്‌ കൂടുതല്‍ പ്രാധാന്യത്തോടെ കാണേണ്ട സംഗതി.നിലവിലുള്ള ചില സാമൂഹിക പ്രവണതകളെ നിശിതമായി വിമര്‍ശിക്കുവാന്‍ നായകന്മാരുടെ സംഭാഷണങ്ങളിലൂടെ രചയിതാവ് രണ്‍ജി പണിക്കര്‍ മുതിരുന്നുണ്ട്, നല്ല കാര്യം. എന്നാല്‍ അതിലപ്പുറം ദോഷകരമായാണ്‌ ചിത്രത്തിലെ മറ്റു കാര്യങ്ങള്‍ പടച്ചു വെച്ചിരിക്കുന്നത്. ചിത്രത്തിന്റെ അന്ത്യത്തോടടുക്കുമ്പോഴേക്കും ജോസഫ് അലക്സും ഭരത്ചന്ദ്രനും തനി തീവ്രവാദികളായി നരഹത്യയില്‍ ഉന്മത്തരായി തീരുകയാണ്‌. അതിന്റെ കൂടെ വെടിവെയ്‍ക്കാനാണെങ്കില്‍ വെച്ചിട്ട് പോവാനുള്ളതിന്‌ പത്തു മിനിറ്റ് മാറി മാറി ഡയലോഗടിച്ച് പ്രേക്ഷകവധം വേറേയും! പതിനഞ്ച് കൊല്ലത്തിനപ്പുറം ജോസഫ് അലക്സിനേയും ഭരത്ചന്ദ്രനേയുമൊക്കെ സൃഷ്ടിച്ച ആ കാലത്തിന്റെ ഹാങ്ങോവര്‍ രണ്‍ജി പണിക്കര്‍ക്കും ഷാജി കൈലാസിനും ഇനിയും തീര്‍ന്നിട്ടില്ല. അത്രയ്‍ക്ക് വളിച്ചൊരു ആഖ്യാന രീതിയും കഥാതന്തുവുമൊക്കെയാണ്‌ ഈ രണ്ടായിരത്തിപ്പന്ത്രണ്ടിലും അവര്‍ക്ക് കൈമുതലായുള്ളത്.ജോസഫ് അലക്സായി മമ്മൂട്ടിയും ഭരത്ചന്ദ്രനായി സുരേഷ് ഗോപിയും തരക്കേടില്ലാതെ വാചകമടിക്കുന്നുണ്ട്. ഇരുവര്‍ക്കും കഥാപാത്രമായി മറ്റൊന്നും ചിത്രത്തില്‍ ചെയ്യുവാനില്ല. 'ഏകലവ്യനി'ലെ നരേന്ദ്രപ്രസാദിന്റെ സ്വാമി അമൂര്‍ത്താനന്ദയുടെ ശിഷ്യനായ മറ്റൊരു സ്വാമി കഥാപാത്രം വീര...മഹാരാജായി (മുഴുവന്‍ പേര്‌ വായില്‍ കൊള്ളുന്നതല്ല) സായികുമാര്‍ വേഷമിടുന്നു. തനിക്കു കിട്ടുന്ന വില്ലന്‍ വേഷങ്ങള്‍ കഴിയുന്നത്ര ഭംഗിയായി ചെയ്യാറുള്ള സായികുമാറിന്‌ പക്ഷെ ഈ വേഷം കൈവിട്ടുപോയി. ജയന്‍ ചേര്‍ത്തലയാണ്‌ ചിത്രത്തിലെ മറ്റൊരു പ്രമുഖ വില്ലന്‍. തലയില്‍ നരച്ചൊരു വിഗ്ഗൊക്കെ വെച്ച് വയസ്സനായിട്ടുണ്ടെങ്കിലും ശരീരഭാഷയിലോ സംസാരത്തിലോ പ്രായത്തിന്റെ യാതൊരു ലക്ഷണവും കാണുവാനുണ്ടായില്ലെന്നു മാത്രം. അച്ഛന്‍ മന്ത്രിക്ക് മരുന്നൊഴിക്കുകയും കിടക്ക വിരിക്കുകയുമൊക്കെയേ നായിക സം‍വൃത സുനിലിന്‌ ചിത്രത്തില്‍ ചെയ്യുവാനുള്ളൂ. കെ.പി.എ.സി. ലളിതയുടെ വേഷം തമാശ ഇല്ലെന്നാരും പറയരുതല്ലോ എന്നു കരുതി ചേര്‍ത്തതാവണം. ജനാര്‍ദ്ദനന്‍, ദേവന്‍, പി. ശ്രീകുമാര്‍, നെടുമുടി വേണു, ബിജു പപ്പന്‍, മോഹന്‍ അഗാഷേ എന്നിങ്ങനെ പോവുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

ഓരോരുത്തരും ഇടയ്‍ക്ക് വെച്ച് മടുത്തിട്ട് ഇട്ടേച്ചു പോയതിനാലാണോ എന്നറിയില്ല; ഒന്നല്ല, രണ്ടല്ല, മൂന്നു ഛായാഗ്രാഹകരാണ്‌ ചിത്രത്തിനുള്ളത്. ശരവണനും ഭരണി കെ. ധരനും ഷാജി കുമാറും അടങ്ങുന്ന ഈ സംഘം പകര്‍ത്തിയ ദൃശ്യങ്ങള്‍ക്ക് ശരാശരിക്കപ്പുറമൊരു മികവ് പറയുവാനില്ല. പക്ഷെ, ക്യാമറ തുള്ളിക്കലും ഓടിക്കലുമൊന്നുമില്ല എന്നതൊരു ആശ്വാസമാണ്‌. സാംജിത്തിന്റെ ചിത്രസന്നിവേശവും തഥൈവ. രഞ്ജിത്ത് അമ്പാടിയുടെ ചമയം മൊത്തത്തില്‍ കൊള്ളാം, എങ്കിലും നെടുമുടി വേണുവിനു നല്‍കിയ വിഗ്ഗൊക്കെ ആളെ കളിയാക്കുന്ന മട്ടിലായിപ്പോയി! ജയന്‍ ചേര്‍ത്തലയുടെ വിഗ്ഗിനു പകരം ഒരു തൊപ്പി വെച്ചുകൊടുക്കുകയായിരുന്നു ഇതിലും ഭേദം. കുമാര്‍ എടപ്പാളിന്റെ വസ്‍ത്രാലങ്കാരം, ഗിരീഷ് മേനോന്റെ കല എന്നിവയൊക്കെ പതിവിന്‍‍പടി പോവുന്നു. പശ്ചാത്തലമൊരുക്കുവാന്‍ രാജാമണിയും ഇഫക്ടുകളുമായി മുരുകേഷുമുണ്ടെങ്കിലും ഭയപ്പെട്ടതുപോലെ ഒച്ചപ്പാടുണ്ടാക്കിയില്ല. ആവശ്യത്തിനുള്ള ഇടിയൊക്കെ വളരെക്കുറവാണ്‌ ചിത്രത്തില്‍, അനാവശ്യമായുള്ളതൊക്കെ അധികസമയമുണ്ടു താനും; അനല്‍ അരശും മാഫിയ ശശിയുമൊക്കെ ചേര്‍ന്നാണ്‌ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പാട്ടുണ്ടാക്കുവാന്‍ വന്ന രാഹുല്‍രാജ് ഇട്ടേച്ചു പോയതുകൊണ്ട് സിനിമയില്‍ പാട്ടുണ്ടായില്ല എന്നാണ്‌ സിനിമയുടെ വിക്കി പേജ് പറയുന്നത്. അത്രയും ഭാഗ്യമായി!

സിനിമ എന്ന രീതിയില്‍ ഒട്ടും തന്നെ തൃപ്തി നല്‍കുന്ന ഒന്നല്ല ഈ ചിത്രമെന്നത് മറക്കാം, കാരണം ഇതൊരു പുതിയ അനുഭവമൊന്നുമല്ലല്ലോ! പക്ഷെ, ചിത്രം മുന്നോട്ടു വെയ്‍ക്കുന്ന അപകടകരമായ ചില ആശയങ്ങള്‍ കാണാതിരുന്നുകൂടാ. ഒരു ഐ.എ.എസ്സുകാരനും ഒരു ഐ.പി.എസ്സുകാരനും കൂടി ചേര്‍ന്നാല്‍ നിയമം നോക്കണ്ട, ന്യായം നോക്കണ്ട, മനുഷ്യത്വം വേണ്ട - കാട്ടു നീതി നടപ്പാക്കിയാല്‍ മതിയെന്നാണ്‌ ചിത്രം പറഞ്ഞു വെയ്‍ക്കുന്നത്. ഇരുവരുടേയും അന്യായമായ മനുഷ്യത്വരഹിതമായ അന്വേഷണ രീതിയെ ചിത്രത്തിലുടനീളം വാഴ്‍ത്തിപ്പാടുകയാണ്‌ രചയിതാവും സംവിധായകനും. എന്താണിതിനര്‍ത്ഥം? നാളെമുതല്‍ ഐ.എ.എസ്സുകാരും ഐ.പി.എസ്സുകാരുമൊക്കെ നിയമമൊന്നും നോക്കാതെ ദേശസ്നേഹത്തിന്റെ പേരും പറഞ്ഞ് എന്ത് തോന്ന്യാസവും കാട്ടാമെന്നോ? ഒരുപക്ഷെ, മൂന്നു മണിക്കൂറിലധികമുള്ള സിനിമ ചെയ്യുന്ന ദ്രോഹത്തേക്കാള്‍ ആപല്‍ക്കരമാണ്‌ കാണികളുടെ മനസിലേക്ക് കുത്തിയിറക്കുന്ന ഇത്തരം വിഷചിന്തകള്‍. തീവ്രവാദത്തിനെതിരേയാണ്‌ ഈ ചിത്രമെന്നാണ്‌ വെപ്പെങ്കിലും ദേശസ്നേഹത്തിന്റെ പേരിലുള്ള തീവ്രവാദ സന്ദേശമാണ്‌ ചിത്രം നല്‍കുന്നതെന്നതാണ്‌ സത്യം. വെറുക്കപ്പെടേണ്ടതെന്നല്ല മറിച്ച് നിരോധിക്കപ്പെടേണ്ട ഒരു ചിത്രമെന്നു തന്നെ ഇതിനെ പറഞ്ഞാലും അതുകൊണ്ടു തന്നെ ഒട്ടും അധികവുമാവില്ല!


ഒരു രസത്തിന്‌ ചിത്രമിറങ്ങുന്നതിനു മുന്‍പു തന്നെ ചിത്രവിശേഷം ഗൂഗിള്‍ പ്ലസ് പേജില്‍ ചിത്രത്തിന്റെ ഉള്ളടക്കം എങ്ങിനെയാവാം എന്നതിനെക്കുറിച്ച് ഒരു പോസ്റ്റിട്ടിരുന്നു. ഒരു മൂന്നു മണീക്കൂര്‍ പടമെടുത്തിട്ടും രണ്‍ജി പണിക്കര്‍ക്കും ഷാജി കൈലാസിനും അത്രയും പോലും ചെയ്‍തുവെയ്‍ക്കുവാന്‍ കഴിഞ്ഞില്ല എന്നതാണ്‌ പരിതാപകരം!

No comments:

Post a Comment